ന്യൂഡല്‍ഹി: രാജ്യത്ത് നൂറ് കണക്കിന് തടവുപുള്ളികളെ വിട്ടയക്കാന്‍ തീരുമാനം. ഏകദേശം 600 ഓളം പേരെയാണ് വിട്ടയക്കാന്‍ തീരുമാനമായത്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായാണ് തടവുകാരെ വിട്ടയക്കുന്നത്.
അതേസമയം വധശിക്ഷക്ക് വിധിക്കപ്പെട്ടവരെയും വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തവരെയും, കൊലപാതകം, ബലാത്സംഗം, അഴിമതി തുടങ്ങിയ കേസുകളിലെ പ്രതികളെ ഒഴുകെയാണ് പുറത്തുവിടുകയെന്ന് അധികൃതര്‍ അറിയിച്ചു. 2018 ഒക്ടോബര്‍ രണ്ടിനും 2019 ഏപ്രില്‍ ആറിനുമായി രണ്ടു ഘട്ടങ്ങളിലായി 1424 തടവുപുള്ളികളെ വിട്ടയച്ചിരുന്നു. ഇതിന്റെ മൂന്നാം ഘട്ടമാണ് ഒക്ടോബര്‍ രണ്ടിന് വിട്ടയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്.ശിക്ഷാ കാലാവധിയില്‍ പാതിയും പൂര്‍ത്തിയാക്കിയ, സ്ത്രീ തടവുകാരില്‍ 55 വയസ് പിന്നിട്ടവരെയും, പുരുഷ തടവുകാരില്‍ 60 വയസ് പിന്നിട്ടവരെയും വിട്ടയക്കാനാണ് തീരുമാനം. അതിനുപുറമെ രാജ്യമെമ്പാടുമുള്ള ജയിലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതികളെയും വിട്ടയക്കാന്‍ ധാരണയായിട്ടുണ്ട്.