തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തില്‍ നിര്‍ണായകമാവുക പിജെ ജോസഫിന്റെ നിലപാടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിജെ ജോസഫ് എഴുതി നല്കിയെങ്കില് മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. അഞ്ചാം തീയതിക്ക് മുന്നേ തീരുമാനം എടുത്തില്ലെങ്കില്‍ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു.
കേരളാ കോണ്‍ഗ്രസില്‍ നിലനിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ആദ്യം സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാതിരുന്ന ജോസഫ് വിഭാഗം പിന്നീട് ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുകയായിരുന്നു.
അതെസമയം, താന്‍ അച്ചടക്ക നടപടി എടുത്ത ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കുന്നത് പിളര്‍പ്പ് സംബന്ധിച്ച കേസില്‍ തിരിച്ചടിയാകുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഇക്കാര്യം പിജെ യുഡിഎഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ രണ്ടില ചിഹ്നം വിട്ടുനല്‍കുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.
രണ്ടില വിട്ട് നല്കണമെങ്കില്, തന്നെ ചെയര്‍മാനാക്കണമെന്ന ആവശ്യത്തില്‍ ജോസഫ് ഉറച്ചു നില്‍ക്കുമെന്നാണ് സൂചന. എന്നാല്‍ ചെയര്‍മാനാക്കണമെന്ന ആവശ്യം ജോസ് കെ മാണി വിഭാഗം അംഗീകരിക്കാനും സാധ്യതയില്ല. ഈ പ്രശ്നങ്ങളെല്ലാം നിലനില്‍ക്കുന്നതിനാല്‍ ജോസ് ടോം സ്വതന്ത്രനായി തന്നെ മത്സരിക്കേണ്ടി വന്നേക്കും.