കോഴിക്കോട്: കോഴിക്കോട് യുവതിയെ ഭീഷണിപെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ എസ്ഐ അറസ്റ്റില്‍. സംഭവത്തില്‍ കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്ഐ ജിഎസ് അനിലാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പയ്യോളി പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2017 സെപ്തംബര്‍ മുതല്‍ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പയ്യോളി സ്വദേശിനിയായ യുവതിയുടെ പരാതി.
രണ്ട് വര്‍ഷം മുമ്പ് പയ്യോളി സ്റ്റേഷനില്‍ അനില്‍ എസ്ഐയെ ആയിരിക്കെ ഒരു പരാതിയുമായി എത്തിയതായിരുന്നു യുവതി. തുടര്‍ന്ന് യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പലവട്ടം പീഡനം തുടര്‍ന്നു. പിഡനശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയടുക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.
എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ യുവതിയുടെ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്കിയ പരാതിയിലുണ്ട്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത് വച്ച് പയ്യോളി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണില്‍ വച്ച് ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പിങ്ക് പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. എസ്ഐക്കെതിരെ ബലാത്സംഗം, ശാരീരിക മര്‍ദ്ദനം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ക്കാണ് അനിലിനെതിരെ കേസെടുത്തിട്ടുള്ളത്.