മലപ്പുറം: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന് എംപി. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് തടിയൂരാന്‍ സ്വാധീനം ഉപയോഗിച്ച ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനമാണെന്നാണ് മുരളീധരന് പറഞ്ഞത്. ഇന്നലെ വരെ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് പെട്ടെന്ന് തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതെന്നും കെ മുരളീധരന് ആരോപിച്ചു.
അതേസമയം ഈ കേസില്‍ നിന്ന് ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മുരളീധരന് മലപ്പുറത്ത് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിന്റെ കുടുംബവും പോലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്നാണ് സഹോദരന് അബ്ദുള്‍ റഹ്മാന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കുറ്റം ചെയ്തത് എത്ര വലിയ ഉന്നതനായാലും കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരിക്കുന്നത്. മുഖം നോക്കാതെ പോലീസ് നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.