കളമശേരി: മദ്യപിച്ചെത്തിയ സംഘത്തിന് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. കളമശേരിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. കണ്ണൂര്‍ സ്വദേശിയും കളമശേരിയില്‍ ലോജിസ്റ്റ്ക്സ് കോഴ്സ് വിദ്യാര്‍ത്ഥിയുമായ സിജിനാണ് (24) മര്‍ദനമേറ്റത്.
മദ്യപിച്ച് പമ്പിലെത്തിയ നാലംഗ സംഘം ജീവനക്കാരനോട് കുപ്പിയില്‍ പെട്രോള്‍ നിറച്ച് നല്‍കാനായി ആവശ്യപ്പെട്ടു. എന്നാല്‍ കുപ്പിയില്‍ പെട്രോള്‍ നല്കാന് തയ്യാറാവാതെ വന്നതോടെ പമ്പിലെ താത്കാലിക ജീവനക്കാരനായ സിജിനെ ഇവര്‍ മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ കൊച്ചി മഞ്ഞുമ്മല്‍ സ്വദേശികളാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് കേസെടുത്തു. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായും മുന്‍പും പമ്പിലെത്തി ആക്രമണമുണ്ടാക്കിയിട്ടുണ്ടെന്നും ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.