പാലക്കാട്: ട്രെയിന്‍ വരുന്നതിന് മിനുറ്റുകള്‍ക്ക് മുമ്പ് കലിപൂണ്ട ഒറ്റയാന് റെയില്‍വേ ട്രാക്കിലേക്ക് പന മറിച്ചിട്ടു. വനംവകുപ്പ് വാച്ചര്‍മാരുടെയും റെയില്‍വേ ട്രാക്ക്മാന്‍മാരുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. പുലര്‍ച്ചെ ആറരയോടെ വാളയാര്‍ ചന്ദ്രാപുരം ദേശീയപാതയോരത്തിനടുത്തുള്ള റെയില്‍വേ ട്രാക്കിലായിരുന്നു സംഭവം.
കോയമ്പത്തൂര്‍ പാലക്കാട് പാസഞ്ചര്‍ ട്രെയിന്‍ കടന്നു വരുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പായിരുന്നു സംഭവം. പ്രദേശവാസികളെ മുഴുവന്‍ സാക്ഷിയാക്കിയായിരുന്നു ഒറ്റയാന്റെ പരാക്രമം. വാളയാര്‍ വനത്തില്‍ നിന്നുമെത്തിയ കാട്ടാന ദേശീയപാത കടക്കാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങളുടെ തിക്കും തിരക്കും കാരണം ട്രാക്കിനപ്പുറത്ത് നിലയുറപ്പിച്ചു. ഇതിനിടെ ദേശീയപാതയോരത്ത് ഉണ്ടായിരുന്നവര്‍ ഒച്ചയിട്ട് വിരട്ടി കാട്ടിലേക്ക് കയറ്റാന്‍ ശ്രമിച്ചു, അതോടെ ആന കൂടുതല്‍ പ്രകോപിതനായി.
കലി പൂണ്ട ആന കലിപ്പ് തീര്‍ക്കാനെന്ന വിധം പന കുത്തി മറിച്ച് ട്രാക്കിലേക്ക് തള്ളിയിട്ടു. ഇതിനിടെ ശബ്ദം കേട്ട് തൊട്ടടുത്തുണ്ടായിരുന്ന വാച്ചര്‍മാര്‍ സ്ഥലത്തെത്തിയതിനാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അപകട മുന്നറിയിപ്പ് കൈമാറി.തുടര്‍ന്ന് ആനയെ വിരട്ടി വനത്തിലേക്ക് കടത്തി. പടക്കമെറിഞ്ഞു ആനയെ ഉള്‍വനത്തിലേക്ക് കയറ്റി. പിന്നീട് വാച്ചര്‍മാരും ട്രാക്ക്മാന്‍മാരും നാട്ടുകാരുടെ സഹായത്തോടെ ട്രാക്കിലെ പന മുറിച്ചു മാറ്റി.