കൊച്ചി: ഗ്യാസ് സിലിണ്ടര്‍ നല്കാന് ഇരുപത് ദിവസം വൈകിയതിന് ഗ്യാസ് ഏജന്‍സി ഗാര്‍ഹിക ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ് സംസ്ഥാന കമ്മീഷന് ഭാഗികമായി ശരിവച്ചു. തുക നിശ്ചിത മാസത്തിനകം നല്‍കിയില്ലെങ്കില്‍ 12 ശതമാനം പലിശയെന്നത് പത്ത് ശതമാനമാക്കി ജില്ലാ ഫോറത്തിന്റെ ഉത്തരവ് ഭേദഗതി ചെയ്തു.
എറണാകുളം ജില്ലയില്‍ പിറവത്തെ മരിയ ഫ്ലെയിംസിന്റെ അപ്പീലിലാണ് സംസ്ഥാന കമ്മീഷന്റെ ഉത്തരവ്. ഗ്യാസ് സിലിണ്ടര്‍ സാധാരണ സാഹചര്യത്തില്‍ 48 മണിക്കൂറിനകം നല്കാന് ശ്രമിക്കണമന്നാണ് വ്യവസ്ഥയെന്നു സംസ്ഥാന കമ്മീഷന് ചൂണ്ടിക്കാട്ടി. 2011 സെപ്റ്റംബര്‍ എട്ടിന് പരാതിക്കാരനായ പിറവം പാഴൂരിലെ ഏലിയാസ് തോമസ് ബുക്ക് ചെയ്ത സിലിണ്ടര്‍ ഓക്ടോബര്‍ ഒന്നിന് നല്‍കിയെന്നാണ് അപ്പീലിലെ വാദം.
ഓണക്കാലമായതിനാല്‍ സിലിണ്ടര്‍ ക്ഷാമമുണ്ടായിരുന്നുവെന്നും ഏജന്‍സിയില്‍ സിലിണ്ടര്‍ എത്താതിരുന്നതാണ് വൈകാന്‍ കാരണമെന്നുമാണ് ഗ്യാസ് ഏജന്‍സി പറഞ്ഞത്. എന്നാല്‍ സിലിണ്ടര്‍ വൈകിയതിനാല്‍ വീട്ടിലുപയോഗിച്ചിരുന്ന സിലിണ്ടര്‍ തീര്‍ന്നിട്ടും ബുക്ക് ചെയ്തത് കിട്ടിയില്ലെന്നും സേവനത്തിലെ അപര്യാപ്തതായാണിതെന്നും പരാതിക്കാരന് ബോധിപ്പിച്ചു.