കൊച്ചി: ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ സ്ത്രീകളെ യുവതി അതിസാഹസികമായി പിടികൂടി. എറണാകുളത്തെ കോലഞ്ചേരിയിലാണ് സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശികളായ കാവ്യ (27), ആസിനി (29) എന്നിവരെയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് കാവ്യയും ആസിനിയും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട മീമ്പാറ സ്വദേശിയായ റിനി റോബിന് എന്ന യുവതി മാലമോഷ്ടാക്കളുടെ പിന്നാലെ ഓടി.
മെഡിക്കല്‍ കോളേജ് സ്റ്റോപ്പിലൂടെ മാലയുമായി ഓടിയ യുവതിയുടെ പിറകെയെത്തിയ റിനി ഫെഡറല്‍ ബാങ്കിന് മുന്‍വശത്തുനിന്ന് ഒരാളെ പിടികൂടി. ഇതോടെ നാട്ടുകാരും സംഭവത്തില്‍ ഇടപെട്ട് മോഷ്ടാക്കളെ രണ്ടുപേരെയും കൈയ്യോടെ പിടികൂടി. ശേഷം പുത്തന്‍കുരിശ് പോലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.