കൊച്ചി: എറണാകുളത്തെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു വയസുകാരിക്ക് ക്രൂരപീഡനം. കൊല്ലം കൊട്ടിയം സ്വദേശിനിയായ ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കൊട്ടിയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
എറണാകുളം ലിസി ആശുപത്രിക്ക് സമീപമുള്ള ശിശുസംരക്ഷണ കേന്ദ്രത്തിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ചൈല്ഡ്ലൈന് ഇടപെട്ട് കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞദിവസം കുട്ടിയെ വീട്ടുകാര്‍ക്ക് തിരികെ കൊടുത്തപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റതിന്റെയും അടികൊണ്ടതിന്റെയും പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
കാലില്‍ ആഴത്തിലുള്ള പൊള്ളലേറ്റതിന്റെയും മുതുകില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും അടി കൊണ്ടതിന്റെയും പാടുകളുണ്ട്. വീടിനു സമീപമുള്ള അങ്കണവാടിയിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയുമായിരുന്നു. കുട്ടിയെ പീന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.