തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ പി സദാശിവം. യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും, കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്നത്തില്‍ ഇടപെട്ട് വരികയാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
കലാലയങ്ങളില്‍ പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സിലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ സംഘടനാപ്രതിനിധികളും എല്ലാമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങള്‍ അധികം വൈകാതെ ഒത്തുതീരുമെന്നും ഗവര്‍ണര്‍ പ്രത്യാശിച്ചു.
അതേസമയം, യൂണിവേഴ്സിറ്റി സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഗവര്‍ണ്ണറെ കണ്ട് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.