കോഴിക്കോട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ മാള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ആളുകള്‍ എത്താതായതോടെ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ച പതിനാറോളം കടകള്‍ അടച്ചുപൂട്ടി. ഇതിനെ തുടര്‍ന്ന് സംരംഭകരില്‍ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
പ്രവര്‍ത്തനം ആരംഭിച്ച് എട്ടുമാസം പിന്നിടുമ്പോഴാണ് കോഴിക്കോട് മഹിളാ മാള്‍ പ്രതിസന്ധിക്ക് നടുവില്‍ നില്‍ക്കുന്നത്. ലോകത്തിനാകെ മാതൃകയെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത സംരഭമാണ് വനിതാ മാള്‍.
അഞ്ച് കോടി രൂപ ചെലവിട്ട് അഞ്ച് നിലകളിലായി നിര്‍മ്മിച്ച മാളിന്റെ പ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ മെച്ചപ്പട്ട രീതിയിലായിരുന്നു. 76 കടകളില്‍ ഏറെയും നടത്തിയത് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആയിരുന്നു. എന്നാല്‍ രണ്ടു മാസത്തിനകം സ്ഥിതി മാറാന്‍ തുടങ്ങി. കച്ചവടം കുത്തനെ കുറഞ്ഞു. നിലവില്‍ വാടക കൊടുക്കാന്‍ കടം വാങ്ങേണ്ട സ്ഥിതിയിലാണ് സംരംഭകരെന്നും മഹിളാ മാള്‍ ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.
അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മഹിളാ മാളിന് സംസ്ഥാന കുടുംബശ്രീ മിഷന് മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രശ്നം പഠിക്കാനായി കുടുംബശ്രീ മിഷനും കോര്‍പ്പറേഷനും ഓരോ സമിതിയെയും നിയോഗിച്ചു.