തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തില്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മേയര്‍ വികെ പ്രശാന്ത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത മുഴുവന്‍ ഹോട്ടലുകളുടേയും ലിസ്റ്റ് ഉച്ചയോടെ പുറത്തുവിടുമെന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ നല്ല ഭക്ഷണം നല്കുന്ന കാര്യത്തില്‍ നിരന്തരമായി വീഴ്ച വരുത്തുന്ന ഹോട്ടലുകളുടെ പ്രവര്‍ത്തനാനുമതി നിര്‍ത്തലാക്കുന്ന നടപടികളിലേക്കും നഗരസഭ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളില്‍ നിന്നും പിഴ ഈടാക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞതായി മേയര്‍ പറഞ്ഞു. നഗരത്തില്‍ വൃത്തിഹീനമായ പരിസരവും പഴകിയ ഭക്ഷണവും ഇല്ലാതാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്നും നഗരത്തില്‍ എത്തുന്നവര്‍ക്ക് നല്ല ഭക്ഷണം നല്‍കുക എന്ന ഉദ്യമത്തിനായി വ്യാപാരി സുഹൃത്തുക്കളും സഹകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഒരേസമയം എട്ട് സ്ക്വാഡുകളായി തിരിഞ്ഞ് സ്റ്റാച്യു, പാളയം, തമ്പാനൂര്‍, കരമന, ഓവര്‍ ബ്രിഡ്ജ്, അട്ടക്കുളങ്ങര എന്നിവിടങ്ങളിലായി നഗരപ്രദേശത്തെ അറുപതോളം ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വിവിധ ഹോട്ടലുകളില്‍ നിന്നും ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.
മുപ്പതോളം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങളാണ് സംഘങ്ങള്‍ പിടിച്ചെടുത്തത്. കോഴിയിറച്ചിയും മറ്റും പാകം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന തരത്തില്‍ ഐസ് മൂടിയ നിലയിലാണ് പലയിടത്തു നിന്നും പിടിച്ചെടുത്തത്.
നഗരമധ്യത്തില്‍ തന്നെയുള്ള ത്രീ സ്റ്റാര്‍ ഹോട്ടലുകളായ പങ്കജ്, ചിരാഗ് ഇന്‍, ഗീത് എന്നീ ഹോട്ടലുകളില്‍ നിന്നും പാളയത്തെ ഹോട്ടല്‍ എംആര്‍എ, സംസം ഹോട്ടലുകള്‍, ഹോട്ടല്‍ ആര്യാസ്, അട്ടക്കുളങ്ങരയിലെ ഹോട്ടല്‍ ബുഹാരി, ബിസ്മി, ദീനത്ത്, ഇഫ്താര്‍, സണ്‍ വ്യൂ, ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ ഹോട്ടല്‍ ഓപ്പണ്‍ ഹൗസ്, ഹോട്ടല്‍ സഫാരി എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്. നോണ്‍വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ നിന്നാണ് പ്രധാനമായും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളത്.