കൊച്ചി: കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നാല് പേരെ പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് കാണാതായ കുമ്പളം സ്വദേശി അര്‍ജുന്റെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന. കഴിഞ്ഞ ജൂലൈ 2 നാണ് അര്‍ജുനെ കാണാതായത് തുടര്‍ന്ന് പിതാവ് പോലീസില്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമെ കാണാതായ അര്‍ജുന്റെതാണോ എന്ന് സ്ഥിരീകരിക്കാനാകു എന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളുടെ മൊഴിയില്‍ മൃതദേഹം അര്ജുന്റെതു തന്നെയാണെന്ന് നിഗമനത്തില്‍ എത്തി. പോലീസ് കസ്റ്റഡിയിലുള്ള നാല് പേരും അര്‍ജുന്റെ സുഹൃത്തുക്കള്‍ ആണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി.