തിരുവനന്തപുരം: തിരുവനന്തപുരത്ത് സകൂളുകള്‍ക്ക് സമീപം ലഹരി വസ്തുക്കള്‍ വിറ്റ രണ്ട് പേര് പിടിയില്‍. പറക്കുളം ജിഎച്ച്എസ്എസിന് സമീപം കട നടത്തിവന്ന അഖില്‍ (23), ചിറ്റായിക്കോട് സ്വദേശിയായ ബാബു (60) എന്നിവരെയാണ് വിദ്യാര്‍ത്ഥികള്‍ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.
സ്കൂള്‍ പരിസരങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ തുടച്ച് നീക്കുന്നതിനായി വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് കല്ലമ്പലം പോലീസ് നടപ്പിലാക്കിയ ഓപ്പറേഷന് സ്റ്റുഡന്‍സ് സേഫ് പദ്ധതിയുടെ ഭാഗമായാണ് നടപടി.
സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് ആര് ചന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ വിസി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ 250 ഓളം പാക്കറ്റ് ചൈനി ഖൈനി, 50 ഓളം പാക്കറ്റ് ശംഭു, നൂറോളം പാക്കറ്റ് സിഗററ്റ്, ബീഡി എന്നിവ പിടിച്ചെടുത്തു.