ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി തുറന്നു കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്.
ലണ്ടന്‍ ഓഹരി വിപണി തുറന്നു കൊടുത്തതിനൊപ്പം, ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവി കിഫ്ബിക്ക് സ്വന്തമായി. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബിയുടെ ഓഹരി ലിസ്റ്റ് ചെയ്തത്.
ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവും വഴിതുറക്കുമെന്നാണ് വിലയിരുത്തുന്നത്.
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് തുറക്കാനുള്ള ക്ഷണം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ധനമന്ത്രി തോമസ് ഐസകും ചീഫ് സെക്രട്ടറി ടോം ജോസിനും കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കും.