തൃശൂര്‍: പൂരനഗരിയെ ആവേശത്തിലാക്കി ഘടക പൂരങ്ങള്‍. എട്ടാനകളുമായി കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലെത്തിയതോടെയാണ് ഘടകപൂരങ്ങളുടെ വരവിന് തുടക്കമിട്ടത്. തുടര്‍ന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങായ മഠത്തില്‍ വരവും പൂരപ്രേമികളെ ആവേശത്തിലാറാടിച്ചു.
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഉത്സവ ലഹരിയിലാണ് സാംസ്കാരിക നഗരമിപ്പോള്‍. ഇന്നലെ കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തുറന്നിട്ട തെക്കേഗോപുര നടയിലൂടെ രാവിലെ അഞ്ചു മണിക്ക് കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
ശ്രീമൂലസ്ഥാനത്ത് ഏഴ് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്.
തുടര്‍ന്ന് ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്മാര് ക്ഷേത്രത്തില്‍ എത്തി വടക്കുംനാഥനെ വണങ്ങി. ഓരോ ഘടക പൂരങ്ങള്‍ക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറിയിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങായ മഠത്തില്‍ വരവും ആരംഭിച്ചു.
പൂരാസ്വാദകരെ ലഹരിയിലാഴ്ത്തിയ പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും സംഘവുമാണ് പ്രമാണം വഹിച്ചത്. പഞ്ചവാദ്യം അവസാനിപ്പിച്ചതോടെ പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന് മാരാരുടെ ചെമ്പടമേളവും തുടങ്ങി. പതിനഞ്ച് ആനകളാണ് അണിനിരന്നത്.
ഇതിന് ശേഷം പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമായി. പെരുവനം കുട്ടന്മാരാരും സംഘവുമാണ് പാണ്ടിയില്‍ മേളപ്പെരുമ തീര്‍ക്കുക. ഇതിന് പിന്നാലെ ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. ഇതിന് ശേഷം വൈകിട്ട് 5.30ഓടെയാണ് വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. നാളെ പുലര്‍ച്ചെ ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്ത് പൂര വെടിക്കെട്ട് നടക്കും. നാളെ പകല്‍ പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ ഇത്തവണത്തെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാകും.