തോപ്പുംപടി: ശക്തമായ കാറ്റില്‍ കൊച്ചിയില്‍ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലാണ് നാശനഷ്ടം ഉണ്ടായത്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകിവീണു. 25 ചീനവലകളാണ് കുമ്പളങ്ങിയില്‍ നശിച്ചത്. തകര്‍ന്നുവീണത് കുമ്പളങ്ങിക്കായലില്‍ പലയിടങ്ങളിലായി സ്ഥാപിച്ച ചീനവലകളാണ്. ഓരോ വലയ്ക്കുമുണ്ടായ നഷ്ടം 50,000 മുതല്‍ ഒരുലക്ഷം രൂപ വരെയാണ്.
കാറ്റില്‍ പള്ളിപ്പറമ്പില്‍, കൈരളി കരുണാകരന്റെ വീട്ടിലേക്ക് മരം മറിഞ്ഞുവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇടക്കൊച്ചി തൈനാം വീട്ടില്‍ ക്ലീറ്റസിന്റെ വീടിന്റെ മേല്‍ക്കൂര മരംവീണ് തകര്‍ന്നു. പ്ലാവുങ്കല്‍, സുമതി പരമേശ്വരന്റെ വീടിന്റെ ഓടുകളും കാറ്റില്‍ പറന്നുപോയിട്ടുണ്ട്.
ശക്തമായ കാറ്റില്‍ കുമ്പളങ്ങി ആഞ്ഞിലിത്തറ വേലിക്കകത്ത് വര്‍ഗീസിന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പറന്നുപോവുകയും ഭിത്തി തകരുകയും ചെയ്തു. ഭൂവനേശ്വരീക്ഷേത്രത്തിന് സമീപം തളിയശ്ശേരി സുനില്നാഥിന്റെ വീട്ടില്‍ തെങ്ങ് മറിഞ്ഞുവീണ് കാര്‍ തകര്‍ന്നു.