പാവറട്ടി: നാളെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടില്ലാതെ പാവറട്ടി പഞ്ചായത്തില്‍ അമ്പതോളം പേര്. പാവറട്ടി ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അമ്പതോളം ആളുകളുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത്. അടുത്തടുത്ത വീടുകളില്‍ താമസമുള്ളവരുടെ പേരുകളാണ് പട്ടികയില്‍ ഇല്ലാത്തത്. സംഭവം പാവറട്ടി ഇറച്ചിക്കട റോഡ് മുതല്‍ പുത്തൂര്‍ സ്റ്റോഴ്സ് വരെയുള്ള 82ാം ബൂത്തിലാണ്.
ഈ പ്രദേശത്തെ ഒരു അധ്യാപകന് ഇലക്ഷന് ചുമതലയുണ്ടായിരുന്നു. ഇദ്ദേഹം ശനിയാഴ്ച ഇലക്ഷന് ക്ലാസില്‍ പങ്കെടുത്തപ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്വന്തം പേര് വോട്ടര്‍പ്പട്ടികയില്‍ ഉണ്ടോ എന്ന് പരിശോദിച്ചു. അപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെന്ന വിവരമറിയുന്നത്. തുടര്‍ന്ന് വീട്ടിലെ മറ്റു അംഗങ്ങളുടെ പേരുകള്‍ നോക്കിയപ്പോഴും വോട്ടുള്ളതായി കണ്ടില്ല.
പ്രദേശത്തെ അമ്പതോളം ആളുകളുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇല്ലെന്നറിയുന്നത് ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്. ഈ വാര്‍ഡിലെ 83, 88 ബൂത്തുകള്‍ പരിശോധിച്ചപ്പോഴും ഇവരുടെ പേരുകള്‍ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ നിര്‍ദേശാനുസരണം വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്ന കെല്‍ട്രോണുമായി ബന്ധപ്പെട്ടു. എന്നാല്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. സംഭവത്തില്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കുമെന്ന് വാര്‍ഡ് അംഗം വികെ ജോസഫ് പറഞ്ഞു.