വയനാട്: കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ മുഴുവന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ എഫക്ടിലാണ്. അതുകൊണ്ട് തന്നെ വയനാട് മണ്ഡലത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ രാഹുലിനെ എത്തിക്കാനുള്ള ചരടുവലിയിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫ് പ്രവര്‍ത്തകരെ ഇളക്കിമറിച്ച കല്‍പ്പറ്റ റോഡ്ഷോ മങ്ങി നില്ക്കുന്ന കോണ്‍ഗ്രസിന് നല്കിയ ഊര്‍ജവും ആത്മവിശ്വാസവും ചെറുതല്ല.
രാഹുല്‍ നേരിട്ടെത്തിയാല്‍ വയനാട്ടില്‍ മാത്രമല്ല കേരളത്തില്‍ വമ്പന്‍ ഭൂരിപക്ഷം ഉറപ്പാക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ രാഹുലിന്റെ സജീവ സാന്നിധ്യം എഐസിസിയോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. വരുന്ന 16,17 തീയതികളില്‍ കേരളത്തിലെത്തുന്ന രാഹുലിനെ പരമാവധി മണ്ഡലങ്ങളിലെത്തിക്കാനുളള നീക്കം ശക്തമാണ്.
ഇടതു മുന്നണിക്ക് അടിത്തറയുളള ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളില്‍ കൂടി രാഹുലെത്തുന്നത് ഭൂരിപക്ഷം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് ഡിസിസിയുടെ നിലപാട്. കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോ വന്‍ വിജയകരമായ സാഹചര്യത്തില്‍ ജില്ലയ്ക്കു പുറത്തുളള നിലമ്പൂര്‍, ഏറനാട്, തിരുവമ്പാടി മേഖലകളില്‍ രാഹുലിനെ ഇറക്കാനും ആലോചനയുണ്ടായിരുന്നു.