തിരുവനന്തപുരം: ഇന്നലെ അര്‍ധരാത്രി വിമാനത്താവളത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ ഡ്രോണിന്റെ ഉടമസ്ഥനെ പോലീസ് പിടികൂടി. വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സിന് സമീപത്താണ് ഇന്നലെ അര്‍ധരാത്രിയോടെ ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ സിഐഎസ്എഫ് രാത്രി തന്നെ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണിന്റെ ഉടമസ്ഥനെ പോലീസ് പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് ശ്രീകാര്യം സ്വദേശി നൗഷാദാണ് പോലീസ് പിടിയിലായത്. ഡ്രോണിന്റെ റിമോര്‍ട്ട് പോലീസ് നൗഷാദില്‍ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്ന് നൗഷാദ് പറഞ്ഞതായി പോലീസ് അറിയിച്ചു.
ഡ്രോണ്‍, വിദേശത്തുള്ള ബന്ധു നൗഷാദിന് സമ്മാനിച്ചതാണ്. നൗഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. നൗഷാദിനെ കുടുതല്‍ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവളം, കൊച്ചുവേളി തുടങ്ങിയ തീരപ്രദേശങ്ങളും പാളയത്തും വിമാനത്താവളത്തിന് സമീപത്തും രാത്രിയില്‍ ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പാളയത്തും വിമാനത്താവളത്തിന് സമീപത്തും ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനു പുറകേ സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതിനിടെയാണ് ഇന്നലെ അര്‍ധരാത്രി വിമാനത്താവളത്തിന് സമീപത്തിന് നിന്ന് സിഐഎസ്എഫിന് ഡ്രോണ്‍ തൊണ്ടിമുതലായി ലഭിച്ച്. തൊണ്ടിമുതല്‍ ലഭിച്ചതോടെ അര്‍ധരാത്രിയില്‍ തന്നെ പോലീസിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു.