കോഴിക്കോട്: മാറാവ്യാധികള്‍ മാറ്റാമെന്ന് പറഞ്ഞ് പറ്റിച്ച് നിരവധിപേരില്‍ നിന്നും പണം വാങ്ങി തെലങ്കാന സംഘം മുങ്ങിയതായി പരാതി. തെലുങ്കാനയില്‍ നിന്നുള്ള ആദിവാസി വൈദ്യന്മാരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
കോഴിക്കോട് ജില്ലയിലെ മാവുര്, പെരുവയല്‍ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായാത്. വിവിധയാളുകളില്‍ നിന്നായി 30 ലക്ഷം രൂപയോളം സംഘം തട്ടിയതായാണ് പരാതി. വനത്തില്‍ നിന്നും ശേഖരിച്ച പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞ് ഗുളികകളും തൈലവുമുള്പ്പെടെ സംഘം രോഗികള്‍ക്ക് നല്‍കിയിരുന്നു.
ഏത് രോഗത്തിനും പരിഹാരം കണ്ടെത്തിത്തരാം എന്ന വാഗ്ദാനവുമായാണ് ഇവര്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലെ ആളുകളെ സമീപിച്ചത്. രോഗങ്ങളില്‍ നിന്നും മോചിതരാവുമെന്ന പ്രതീക്ഷയാല്‍ നിരവധി പേരാണ് ഇവരെ വിശ്വസിച്ച് മരുന്ന് വാങ്ങിയത്.
ആഴ്ചയില്‍ പല പ്രാവശ്യം ഇവര്‍ വീടുകളിലെത്തി ചികിത്സ നടത്തി ജനങ്ങളെ വശത്താക്കി. ശേഷം തുടര്‍ ചികിത്സക്കായി മുന്‍കൂര്‍ പണം വാങ്ങി മുങ്ങുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ ഒരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ മാവൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
10000 മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസിന്റെ വിശദീകരണം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രാജസ്വാമി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം പ്രദേശങ്ങളിലെത്തിയത്.