ഇനി അധിക നാള് കാത്തിരിക്കേണ്ട ഹോണ്ടയുടെ പുതിയ സിബി 300 ആര് സ്ട്രീറ്റ്ബൈക്ക് ഫെബ്രുവരി എട്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ മോഡലിന്റെ വില ഏകദേശം രണ്ടര ലക്ഷത്തിനുള്ളിലായിരിക്കുമെന്നാണ് സൂചന. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ടു നിറങ്ങളില്‍ എത്തുന്ന സിബി300ആറിന്റെ പ്രധാന എതിരാളികള്‍ കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു ജി 310 ആര് എന്നിവയാണ്.
രാജ്യത്തെ ഹോണ്ട വിങ് വേള്‍ഡ് ഡീലര്‍ഷിപ്പുകള്‍ വഴി നിലവില്‍ 5000 രൂപ സ്വീകരിച്ച് സിബി 300 ആറിനുള്ള ബുക്കിങ് തുടരുകയാണ്. ഹോണ്ട നിയോ സ്പോര്‍ട്സ് കഫെ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ നിര്‍മ്മാണം. റൗണ്ട് രൂപത്തിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഫുള്‍ എല്‍സിഡി ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍, വീതിയേറിയ പെട്രോള്‍ ടാങ്ക്, ടു പീസ് സീറ്റ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.
17 ഇഞ്ചാണ് ടയര്‍. ഡ്യുവല്‍ ചാനല്‍ എബിഎസില്‍ മുന്നില്‍ 296 എംഎം ഡിസ്കും പിന്നില്‍ 220 എന്‍എം ഡിസ്ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുക. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനായി മുന്‍വശത്ത് അപ്സൈഡ് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ഏഴ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്പെന്‍ഷനുമാണുള്ളത്.
286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 8500 ആര്‍പിഎമ്മില്‍ 30.9 ബിഎച്ച്പി പവറും 7500 ആര്‍പിഎമ്മില്‍ 27.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. 143 കിലോഗ്രാം ഭാരം മാത്രമാണ് സിബി 300 ആറിനുള്ളത്.