തിരുവനന്തപുരം: 51 യുവതികളുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതുകൊണ്ടാണെന്ന് കളിയാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷ വിമര്‍ശവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ സംസാരിക്കവെയാണ് സംഘടനയുടെ ഉപാധ്യക്ഷനായ അദ്ദേഹത്തിന്റെ ഈ വിമര്‍ശനം.
സെന്‍കുമാര്‍ വിമര്‍ശം ഉന്നയിച്ചത് ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയെക്കുറിച്ചാണ്. സനാതന ധര്‍മ്മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്നും ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയില്ലെന്നും ശബരിമല ഒരു തീര്‍ഥാടന കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ് നൂറുകണക്കിന് വിശ്വാസികള്‍ എത്തുന്നതെന്നും ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീപോലും അവിടെ വന്നില്ലെന്നും വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ അവിടെ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.