ആലപ്പുഴ: 15വര്‍ഷത്തിലധികമായി വ്യാജ ഡോക്ടര്‍ ചമഞ്ഞ് ആലപ്പുഴയിലും പരിസരത്തും ചികിത്സ നടത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ മൂന്ന് സ്ഥലങ്ങളിലും ചേര്‍ത്തലയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലുമുള്പ്പെടെ ഫിസിഷ്യന്‍ എന്ന വ്യാജേന പ്രാക്ടീസ് നടത്തിയിരുന്ന യേശുദാസ് (42) ആണ് പിടിയിലായത്.
പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ യഥാര്‍ത്ഥ ഡോക്ടര്‍ അല്ലെന്ന് മനസ്സിലായത്. ഭാര്യയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഇയാള്‍ ഡോക്ടറാണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. മറ്റൊരു ഡോക്ടറുടെ പേരും രജിസ്ട്രേഷന് നമ്പറും അടിച്ച് മാറ്റിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. യേശുദാസ് എന്ന് പേരുള്ള മറ്റൊരു ഡോക്ടര്‍ ഗസറ്റില്‍ വിജ്ഞാപനം നല്കി പേരുമാറ്റിയ വിവരമറിഞ്ഞ ഇയാള്‍ യഥാര്‍ഥ ഡോക്ടറുടെ രജിസ്ട്രേഷന് നമ്പറുള്‍പ്പെടെ സ്വന്തമാക്കി.
യഥാര്‍ഥ ഡോക്ടര്‍ സംഭവം തിരിച്ചറിഞ്ഞതോടെ പോലീസില്‍ അറിയിച്ചു. ശേഷം പോലീസ് യേശുദാസിനെ നിരീക്ഷിക്കുകയും ചികിത്സയ്ക്കെന്ന വ്യാജേനെ എസ്ഡി കോളേജിനു സമീപത്തെ ക്ലിനിക്കില്‍ സമീപിക്കുകയും ചെയ്തു. ഈ സമയം ചികിത്സയ്ക്കായി അമ്പതിലധികം രോഗികളാണ് ഇയാളെ കാണാന്‍ കാത്തുനിന്നിരുന്നത്. തുടര്‍ന്ന് പ്രാക്ടീസ് നടന്നുകൊണ്ടിരിക്കെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രാഥമിക പരിശോധനയില്‍ പ്രീഡിഗ്രിയും ഫിസിയോ തെറാപ്പിയുമാണ് യോഗ്യതയെന്ന് വ്യക്തമായിട്ടുണ്ട്. പലതവണ എന്‍ട്രന്‍സ് എഴുതിയിട്ടും പ്രവേശനം ലഭിക്കാതെ വന്നതോടെ യേശുദാസ് ഗുജറാത്തില്‍ ഫിസിയോ തെറാപ്പി പഠിക്കാനായി പോയി. എന്നാല്‍ ഇയാള്‍ മടങ്ങിയെത്തിയത് വ്യാജ’ഡോക്ടറാ’യിട്ടാണെന്ന് പോലീസ് പറഞ്ഞു.