ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടയിലും പ്രിയതമയുടെ അവസാന ആഗ്രഹവും സഫലമാക്കി ഇംതിയാസുര്‍ റഹ്മാന്. മുസ്ലീമിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഹിന്ദു യുവതിയ്ക്ക് ഹൈന്ദവാചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ തടഞ്ഞത് വിവാദമായിരുന്നു.
കൊല്‍ക്കത്ത സ്വദേശിയായ ഇംതിയാസുര്‍ റഹ്മാനാണ് ഹിന്ദുമതത്തില്‍പ്പെട്ട തന്റെ ഭാര്യ നിവേദിത ഗതകിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ നിസ്സഹായാവസ്ഥയിലായിരുന്നത്.
മുസ്ലീം മതത്തില്‍പെട്ടയാളെ വിവാഹം കഴിച്ചതുകൊണ്ട് നിവേദിതയെ ഹിന്ദുവായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്രം അധികൃതരുടെ വാദം.
എന്നാല്‍ ഡല്‍ഹിയിലെ ഒരു സാംസ്കാരിക സംഘടനയുടെ സഹായത്തോടെ ഇക്കഴിഞ്ഞ ഞായറാഴ്ച തന്റെ പ്രിയതമയുടെ അവസാന ആഗ്രഹം നിറവേറ്റാന്‍ ഇംതിയാസുറിനായി. തെക്കന്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശബന്ധു ചിത്തരഞ്ചന്‍ മെമ്മോറിയല്‍ സൊസൈറ്റിയാണ് ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇംതിയാസുറിന്റെ കഥയറിഞ്ഞ സംഘടന സഹായഹസ്തവുമായി മുന്നോട്ടു വരികയായിരുന്നു.
20 വര്‍ഷം മുമ്പാണ് ഇംതിയാസുര്‍ റഹ്മാനും ഡല്‍ഹി സ്വദേശിനിയായ നിവേദിത ഗതകും തമ്മിലുള്ള വിവാഹം നടന്നത്. വിവിധ മതത്തില്‍പ്പെട്ട ഇരുവരും സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം വിവാഹിതരാകുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് നിവേദിത മരിച്ചത്. തുടര്‍ന്ന് ഭാര്യയുടെ മതാചാര പ്രകാരം തന്നെ റഹ്മാന് സംസ്കാരം നടത്തി. പിന്നീടുള്ള ശ്രാദ്ധ ചടങ്ങുകള്‍ക്ക് ഡല്‍ഹിയിലെ കാളിമന്ദിര്‍ സൊസൈറ്റിയുടെ കീഴിലുള്ള ക്ഷേത്രത്തില്‍ പണമടച്ച് രസീതും കൈപ്പറ്റിയിരുന്നു. എന്നാല്‍ ചടങ്ങ് നടത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
നിവേദിതയെ ഹിന്ദുവായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്രം അധികൃതരുടെ വാദം. പണമടയ്ക്കുന്ന സമയത്ത് തെറ്റായ രീതിയിലാണ് പേര് നല്‍കിയതെന്നും അതുകൊണ്ടാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നും ക്ഷേത്ര ഭാരവാഹികള്‍ വാദിച്ചു. ഭാര്യയുടെ അവസാന ആഗ്രഹമായിരുന്നു സ്വന്തം മതപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നടത്തണമെന്നും, അതിന് കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഇംതിയാസുര്‍ റഹ്മാന് പ്രതികരിച്ചിരുന്നു.
തുടര്‍ന്ന് ചിത്തരഞ്ചന്‍ മെമ്മോറിയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ നിഗംബോധില്‍ മരണാനന്തര ചടങ്ങുകള്‍ നടത്താനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.