കൊളംബോ: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. താന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി നിത്യാനന്ദ കത്ത് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശ്രീകൈലാസത്തില്‍ ചികിത്സാസൗകര്യം കുറവാണെന്ന് കുറിച്ച് വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്. നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും അതിനാല്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
‘ശ്രീ നിത്യാനന്ദ പരമശിവത്തിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. കൈലാസത്തില്‍ നിലവില്‍ ലഭ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും അടിസ്ഥാന രോഗനിര്‍ണയം നടത്താന്‍ കഴിയുന്നില്ല. നിത്യാനന്ദയുടെ ആരോഗ്യം മനസ്സില്‍ വച്ചുകൊണ്ട് രാഷ്ട്രീയ അഭയം ഉടന്‍ നല്‍കണമെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’. എന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
നിത്യാനന്ദയെ എയര്‍ ആംബുലന്‍സ് വഴി എയര്‍ലിഫ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ശ്രീലങ്കയില്‍ സുരക്ഷിതമായി വൈദ്യസഹായം നല്‍കാനും കഴിയുമെന്നും തന്റെ രാജ്യവുമായി നയതന്ത്ര ബന്ധം ആരംഭിക്കണമെന്നും നിത്യാനന്ദ ശ്രീലങ്കയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചികില്‍സയുടെയും ഉപകരണങ്ങളുടെയും ചെലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നല്കിയാല് ശ്രീലങ്കയില്‍ നിക്ഷേപം നടത്താമെന്നും കത്തില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.