സാവോപോളോ: ബ്രസീലിലെ പ്രധാന നഗരമായ സാവോപോളോയിലെ വിമാനത്താവളത്തില്‍ വന്‍ കവര്‍ച്ച. വിമാനത്താവളത്തില്‍ നിന്ന് എട്ടംഗ സംഘം 720കിലോ സ്വര്‍ണ്ണം കവര്‍ന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 200 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് കടത്തിയത്.
പോലീസ് വേഷത്തില്‍ രണ്ട് വാഹനങ്ങളിലായാണ് കവര്‍ച്ച സംഘം വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. വിമാനത്താവളത്തിലെ ജീവനക്കാരും ഇവര്‍ യഥാര്‍ത്ഥ പോലീസാണെന്ന് തെറ്റിദ്ധരിച്ചു.
ഇവരുടെ നിര്‍ദേശമനുസരിച്ച് ജീവനക്കാര്‍ സ്വര്‍ണ്ണക്കട്ടികള്‍ നിറച്ച കാര്‍ഗോ കൊള്ളസംഘം കൊണ്ടുവന്ന ട്രക്കിലേക്ക് മാറ്റി. നാലുപേരില്‍ ഒരാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു. വിമാനത്താവള ജീവനക്കാരിലെ രണ്ടുപേരെ ഇവര്‍ ബന്ദിയാക്കിയാണ് കവര്‍ച്ച നടത്തിയത്. ന്യൂയോര്‍ക്ക്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനെത്തിച്ച സ്വര്‍ണ്ണമാണ് സംഘം വെറും മൂന്ന് മിനിറ്റിനുള്ളില്‍ തട്ടിയെടുത്തത്.