നമുക്കെല്ലാം പരിചയമുള്ള ആന കറുത്ത നിറമുള്ളതാണ്. എന്നാല്‍ നിറം കൊണ്ട് ലോകശ്രദ്ധ നേടുകയാണ് ദക്ഷിണാഫ്രിക്കയിലെ ഒരാനക്കുട്ടി. ഈ ആനക്കുട്ടിയുടെ നിറം ഇളം പിങ്കാണ്. സ്വകാര്യ പാര്‍ക്കായ മാലാമാലാ ഗെയിം റിസേര്‍വിലാണ് ഈ ആനക്കുട്ടി ജനിച്ചത്. ഈ ആനക്കുട്ടിയെ കണ്ടെത്തിയതും ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും പാര്‍ക്കിലെ ഗൈഡായ തിമോത്തി ജോണ്സന് വാന്‍ വോറന് ആണ്.
തെക്കു കിഴക്കനേഷ്യയിലെ ചില രാജ്യങ്ങളില്‍ വെള്ള നിറത്തിലുള്ള ആനകളെന്ന് വിളിക്കുന്ന ചുവപ്പു കലര്‍ന്ന തവിട്ടു നിറമുള്ള ആനകള്‍ ഉണ്ട്. വെള്ളം വീഴുമ്പോള്‍ ഇവ പിങ്കു നിറമായി മാറും. ഇതിനാലാണ് ഇവയെ വെള്ളാനകള്‍ എന്നു വിളിക്കുന്നത്. ല്യൂസിസം എന്നതാണ് ഈ അവസ്ഥയ്ക്കു പറയുന്ന പേര്.
എന്നാല്‍ ആഫ്രിക്കയില്‍ ല്യൂസിസം ബാധിച്ച ആനകളെ ഇതുവരെ കണ്ടെത്തിയതായി അറിവില്ല. അതുകൊണ്ട് തന്നെ ഈ കുട്ടി ആനയുടെ നിറത്തിനു പിന്നില്‍ ആല്‍ബനിസം എന്ന അവസ്ഥയാണോ അല്ലെങ്കില്‍ ജനിതകമായ മാറ്റങ്ങള്‍ ആണോ എന്ന് വ്യക്തമല്ല. ആനക്കുട്ടി വലുതായാല്‍ മാത്രമേ ഇക്കാര്യം കൃത്യമായി മനസ്സിലാകുകയുള്ളൂ.
ഈ നിറവിത്യാസം കാഴ്ചക്കാര്‍ക്ക് രസകരമാണെങ്കിലും ആനക്കുട്ടിക്ക് അത് അപകടമാണ്. നിറവിത്യാസം മൂലം സിംഹങ്ങളും കഴുതപ്പുലികളും പോലുള്ള ജീവികള്‍ ആനക്കുട്ടിയെ പെട്ടെന്ന് തിരിച്ചറിയും. കൂടാതെ സൂര്യപ്രകാശത്തില്‍ കൂടുതല്‍ നേരം നില്‍ക്കുന്നത് ഇവയ്ക്ക് രോഗങ്ങളും വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
ആഫ്രിക്കയില്‍ ആല്‍ബിനിസം ബാധിച്ച ആനക്കുട്ടികളെ അപൂര്‍വ്വമായി കണ്ടെത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലെ തന്നെ കപാമ ഗെയിം റിസേര്‍വില്‍ ആല്‍ബിനിസം ബാധിച്ച ആന അഞ്ചു വയസ്സു വരെ ജീവിച്ചിരുന്നിരുന്നു.