പാരീസ്: ഇന്ധനവില വര്‍ധനവിനെതിരെയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജിയും ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം കലാപമായി മാറുന്നു. അധികൃതരുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമൊന്നുമില്ലാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ പ്രതിഷേധം കടുപ്പിച്ചത്.
കടകള്‍ കൊള്ളയടിച്ചും വാഹനങ്ങള്‍ അടിച്ചുതകര്‍ത്തും സമരക്കാര്‍ തെരുവുകള്‍ കൈയടക്കി. ശനിയാഴ്ച പാരീസ് നഗരത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ എണ്‍പതോളം കടകളും സ്ഥാപനങ്ങളുമാണ് മഞ്ഞക്കുപ്പായക്കാര്‍ ആക്രമിച്ചത്.
നാല് മാസം പിന്നിട്ടിട്ടും നീതി ലഭിക്കും വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരക്കാര്‍. അക്രമം ശക്തമായതോടെ രോഷാകുലരായ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ശനിയാഴ്ചത്തെ സംഭവത്തെത്തുടര്‍ന്ന് പാരീസില്‍ ഇരുനൂറോളംപേര്‍ അറസ്റ്റിലായി. നേരത്തേ 237 പേരും ഇവിടെ അറസ്റ്റിലായിരുന്നു.
സമരക്കാരെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട അവസ്ഥയിലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതോടെ ഫ്രാന്‍സിലെ ജനങ്ങള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തേ രാഷ്ട്രീയ നേതാക്കളുമായും പ്രതിഷേധക്കാരുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇത് പരാജയമായതോടെയാണ് പ്രതിഷേധം കൂടുതല്‍ ശക്തമായത്.