വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കറുത്ത കൈകളെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് അന്വേഷണ(സിഐഎ) സംഘം. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് സല്മാന് രാജകുമാരനാണെന്ന നിഗമനത്തിലാണ് യുഎസ്.
സൗദി പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബ് കഴിഞ്ഞദിവസം നല്കിയ റിപ്പോര്‍ട്ടില്‍ സല്മാന് രാജകുമാരന്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് വിശ്വസനീയമല്ല എന്നാണ് സിഐഎയുടെ നിഗമനം. സല്മാന് രാജകുമാരനെതിരേ വ്യക്തമായ തെളിവുകളില്ലെങ്കിലും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ കൊലപാതകം നടക്കില്ലെന്ന് സിഐഎ വിശ്വസിക്കുന്നു.
സല്‍മാന്റെ സഹോദരനും യുഎസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിന്‍ സല്മാന്, ഖഷോഗിയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിഐഎ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേര്‍ന്നതെന്ന് വാഷിംഗ്്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി കോണ്‍സുലേറ്റില്‍ സുരക്ഷാപ്രശ്നങ്ങളുണ്ടാകില്ലെന്ന് ഖാലിദ്, ഖഷോഗിക്ക് ഉറപ്പുനല്കിയിരുന്നെന്നും ഇത് സല്‍മാന്റെ നിര്ദേശപ്രകാരമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഖഷോഗിയും താനുമായി ബന്ധമില്ലെന്നും താന്‍ ഖഷോഗിയെ വിളിച്ചുവെന്ന ആരോപണം തെറ്റാണെന്നും ഖാലിദ് പറഞ്ഞു. ഇക്കാര്യത്തില്‍ വൈറ്റ്ഹൗസോ യുഎസ് വിദേശകാര്യ മന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഖഷോഗിവധത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ശനിയാഴ്ച പറഞ്ഞു.