ന്യൂഡല്‍ഹി: റഷ്യയുമായുള്ള കരാറില്‍ നിന്നും പിന്മാറണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ഭീഷണി. റഷ്യയുമായി ഒപ്പിടാനിരിക്കുന്ന എസ്-400 മിസൈല്‍ കരാറില്‍നിന്ന് ഇന്ത്യ പിന്മാറണന്നാണ് അമേരിക്കയുടെ ആവശ്യം. റഷ്യയുമായുള്ള കരാര്‍ ഉപരോധം ക്ഷണിച്ചുവരുത്തുമെന്നും അമേരിക്കയുടെ പങ്കാളികള്‍ക്കും ഇതുബാധകമാണെന്നും വിദേശകാര്യ വക്താവ് ഭീഷണി മുഴക്കി. ഈയിടെ ഒപ്പിട്ട കോംകാസ കരാര്‍പ്രകാരം ഇന്ത്യ അമേരിക്കയുടെ പ്രതിരോധപങ്കാളിയായി മാറിയിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച മിസൈല്‍ കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. റഷ്യയില്‍നിന്നുള്ള എസ്-400 മിസൈല്‍ സന്നാഹം ഇന്ത്യയുടെ വ്യോമപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദര്‍ സിങ് ധനോവ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ഉപരോധനിയമം (സിഎഎടിഎസ്എ) ഇന്ത്യ-റഷ്യ മിസൈല്‍ കരാറിനു തടസ്സമാകില്ലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, ഉപേരോധനിയമത്തിലെ വകുപ്പുകള്‍ എസ്-400 മിസൈല്‍ ഇടപാടുകള്‍ക്കും ബാധകമാണെന്നാണ് അമേരിക്കയുടെ പക്ഷം.
അമേരിക്കയുടെ ഭീഷണിക്ക് മോഡിസര്‍ക്കാര്‍ വഴങ്ങുമോ എന്നത് ആകാംഷാജനകമാണ്. ഇറാനെതിരായ അമേരിക്കന്‍ ഉപരോധത്തിന്റെ പേരില്‍ ഇറാനില്‍നിന്നുള്ള എണ്ണഇറക്കുമതി ഇന്ത്യ പകുതിയായി വെട്ടിക്കുറച്ചു. അമേരിക്കയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കി. രൂപയുടെ വിലയിടിയാനും രാജ്യത്ത് എണ്ണവില ഉയരാനും പ്രധാന കാരണങ്ങളില്‍ ഒന്നാണിത്.ഇറാനില്‍നിന്നുള്ള എണ്ണഇറക്കുമതി നവംബറോടെ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന അമേരിക്കന്‍ നിര്‍ദേശം നടപ്പാക്കാനുള്ള നീക്കത്തിലാണ് മോഡിസര്‍ക്കാര്‍.
ഈയിടെ നടന്ന ടു പ്ലസ് ടു ചര്‍ച്ചയിലും ഈ വിഷയത്തില്‍ അമേരിക്കയില്‍നിന്ന് ഇളവ് നേടിയെടുക്കാന്‍ മോഡിസര്‍ക്കാരിനു സാധിച്ചില്ല. അമേരിക്ക കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ വേറെ വഴിയില്ലെന്ന് പെട്രോളിയം മന്ത്രാലയം വിശദീകരിക്കുന്നു.
മിസൈല്‍ ഇടപാടിന്റെ കാര്യത്തിലും ഇന്ത്യ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയാല്‍ രാജ്യസുരക്ഷ ഭീഷണിയാകും. ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്തായ റഷ്യയുമായുള്ള ബന്ധം വഷളാകാനും കാരണമാകും.