അല്‍ബാദ്: ഇരട്ടകളുടെ കാര്യത്തില്‍ ലോക ശ്രദ്ധ നേടി ഫിലിപ്പൈന്‍സിലെ ഒരു കുഞ്ഞ് ദ്വീപ്. 15000ത്തില്‍ താഴെമാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഇതില്‍ 100 ജോഡി ഇരട്ടകളുമാണെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഫിലിപ്പൈന്‍സിലെ പ്രകൃതി സുന്ദരമായ അല്‍ബാദ് ദ്വീപാണ് അതിശയ തുരുത്തായി ഇപ്പോള്‍ അറിയപ്പെടുന്നത്.
അല്‍ബാദ് ദ്വീപിലെത്തുന്നവര്‍ ഒരേപോലെയുള്ളവരെ കണ്ടെന്നുവരാം. ദ്വീപില്‍ ഉള്ളവര്‍ പോലും ഇരട്ടകളെ തിരിച്ചറിയാതെ നട്ടംതിരിയുന്ന അവസ്ഥയുണ്ടാകാറുണ്ട്. എളുപ്പം തിരിച്ചറിയാന്‍ കഴിയാത്ത 78 ഇരട്ടകളും തിരിച്ചറിയാന്‍ കഴിയുന്ന 22 ഇരട്ടകളുമാണ് ഇവിടെയുള്ളത്. കാണാന്‍ ഒരേപോലെയുള്ള ഇരട്ടകള്‍ ഒരേപോലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് പലപ്പോഴും വലിയ പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. 80 വയസ്സുള്ള യൂഡോസിയ മൊറാസും അന്റോണിയോ മൊറാസുമാണ് ദ്വീപിലെ പ്രായം കൂടിയ ഇരട്ടകള്‍. 2015ല്‍ മാത്രം 12 ജോഡി ഇരട്ടകള്‍ ദ്വീപില്‍ ജനിച്ചുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരട്ടകളുടെ എണ്ണം കൂടുന്നതില്‍ ദ്വീപുകാര്‍ പലകാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും ശാസ്ത്രലോകം ഇപ്പോഴും അമ്പരപ്പിലാണ്.