ഇസ്ലാമാബാദ്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഡംബര കാറുകള്‍ ലേലം ചെയ്ത് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 100 ഓളം വാഹനങ്ങളാണ് ലേലത്തിനായി വച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ചെലവ് ചുരുക്കുന്നതിനാണ് ലേലം വിളിച്ചതെന്ന് ഇമ്രാന് ഖാന് വ്യക്തമാക്കി.
നൂറ് കോടി വിലയുള്ള നാല് ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് അടക്കം 115 കോടിയോളം വിലമതിക്കുന്ന വാഹനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നതെന്ന് ലേല ഉദ്യോഗസ്ഥനായ മുഹമ്മദ് ആസിഫ് റോയിട്ടേഴ്സിനോട് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൊടുക്കുക എന്ന പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് ലേലം പ്രഖ്യാപിച്ചതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇമ്രാന് ഖാന്റെ പുതിയ നടപടികളില്‍ പ്രതിഷേധം ശക്തമാണ്. പുതിയ സര്‍ക്കാരിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്ന നടപടികള്‍, ലാഭമുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതീകാത്മകമാണെന്നാണ് വിമര്‍ശകരുടെ വാദം. ചെലവ് ചുരുക്കല്‍ മിക്കപ്പോഴും സര്‍ക്കാരുകളുടെ ഛായം പൂശല്‍ മാത്രമാണ്. നിലവില്‍ പ്രഖ്യാപിച്ച ലേലത്തില്‍ പുതുതായൊന്നും ഇല്ലെന്നും രാഷ്ട്രീയ വിമര്‍ശക റാസ റൂമി പറയുന്നു.