റിയാദ്: വ്യാപാരമേഖലയില്‍ സ്വദേശിവത്കരണം ശക്തമായ സൗദി അറേബ്യയില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി തുടങ്ങി. ഇതോടെ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു.
പ്രധാന കച്ചവടം നടക്കുന്ന യൂണിഫോം മേഖലയില്‍ ആയിരക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇവരോട് നാട്ടിലേക്ക് മടങ്ങാന്‍ സ്പോണ്‍സര്‍മാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. മക്ക, മദീന എന്നിവിടങ്ങളിലൊഴിച്ച് ബാക്കിയെല്ലാ ഭാഗങ്ങളിലും തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ നടക്കുന്നുണ്ട്.
12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയില്‍ ജോലിചെയ്യുന്നത്. വാഹനവിപണി, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ സെപ്റ്റംബര്‍ 11 മുതല്‍ സമഗ്രനിതാഖാത് നടപ്പാക്കിയതോടെ 70 ശതമാനം വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. എന്നാല്‍ ഇവരുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ലെന്നും അവധിക്കായ് നാട്ടില്‍പോയവര്‍ തിരിച്ചെത്തിയാലെ കൃത്യമായി എത്രപേര്‍ ഉണ്ടാവുമെന്ന് പറയാന്‍ കഴിയുകയുളളുവെന്നും നോര്‍ക്ക പറയുന്നു.