ആലപ്പുഴ : വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണക്കാട് പാറയിലാണ് സംഭവം. പടിഞ്ഞാറേ അടിയാട്ട് വിശ്വാസ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിറന്നാള്‍ ആഘോഷത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു വിശ്വാസ്. അതിനിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വിഷ്ണു വിശാസിന്റെ വയറ്റില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
വയറ്റില്‍ ആഴത്തിലുള്ള കുത്തേറ്റ് ആന്തരാവയവങ്ങള്‍ക്കുണ്ടായ പരുക്കാണ് മരണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി മേനാശേരി സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിഷ്ണു. കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.