ജിദ്ദ: സൗദിയുടെ ആദ്യ വനിതാ പൈലറ്റായി യാസ്മിന് അല്‍ മൈമനി. സ്വന്തംരാജ്യത്തെ വിമാനക്കമ്പനിയുടെ പൈലറ്റാവാന്‍ മോഹിച്ച് അഞ്ചുവര്‍ഷമായി കാത്തിരിക്കുകയായിരുന്നു യാസ്മിന്.
ഒടുവില്‍ യാസ്മിനെത്തേടി ആ അവസരമെത്തി. വൈകാതെ ചരിത്രനേട്ടവുമായി
കോക്പിറ്റിലെത്തും.
വിദേശത്ത് വിമാനം പറത്താനുള്ള അവസരം നല്‍കാമെന്ന വാഗ്ദാനം വിവിധ വിമാനക്കമ്പനികളില്‍നിന്നുണ്ടായിട്ടും നാട്ടില്‍നിന്നുള്ള വിളിക്കായി കാത്തിരിക്കുകയായിരുന്നു ഇരുപത്തെട്ടുകാരിയായ യാസ്മിന്. ജോര്‍ദാനില്‍നിന്നാണ് സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയത്. 2013-ല്‍ അമേരിക്കയില്‍ 300 മണിക്കൂര്‍ പരിശീലനവും പൂര്‍ത്തിയാക്കി. അതേവര്‍ഷംതന്നെ അമേരിക്കന്‍ ലൈസന്‍സിനുപകരം സൗദി ലൈസന്‍സ് ലഭിച്ചിരുന്നു.
സൗദിയില്‍ യാത്രാവിമാനങ്ങള്‍ പറത്തുന്നതിനുള്ള ലൈസന്‍സ് നേടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ തൊഴില്‍ചെയ്യാന്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു യാസ്മിന്. അതിനുള്ള അവസരം തെളിഞ്ഞുവരുന്ന സന്തോഷത്തിലാണിപ്പോള്‍ അവര്‍.