തിരുവനന്തപുരം: പ്രളയം നേരിടുന്ന കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700 കോടി കേന്ദ്ര സര്‍ക്കാരിന് വാങ്ങുന്നതില്‍ തടസമുണ്ടെങ്കില്‍ എംഎ യൂസഫലി കൊടുക്കുമെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളില്‍ വിശദീകരണവുമായി ലുലു ഗ്രൂപ്പ് രംഗത്ത്.
മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും
ഇതില്‍ യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇതുപോലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്മെന്റ് അറിയിച്ചു.
പ്രളയ ദുരിതം നേരിടാന്‍ കേരളത്തിന് 700 കോടി ഇന്ത്യന്‍ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്. കേരളത്തിന്റെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ തുക ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി നല്‍കുമെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.