അബുദാബി: കൊറോണ വൈറസ് പ്രതിസന്ധിയുടെ ഭാഗമായി തൊഴിലില്ലാതെയാകുന്നവർക്ക് വിസ സമ്പ്രദായത്തിൽ യുഎഇ ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ വിസയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനോ, ഒരേ സ്പോൺസറുടെ കീഴിൽ ആ സ്പോൺസറുടെ തന്നെ മറ്റു കമ്പനിയിൽ ജോലി ചെയ്യുന്നതിനോ തടസ്സമുണ്ടാകില്ല. ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി വീഡിയോ പ്രസ് കോൺഫറൻസിൽ അറിയിച്ചതാണ് ഈ കാര്യം.
തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു കമ്പനിയിൽ നിന്ന് വേറൊരു കമ്പനിയിലേക്ക് വിസ ട്രാൻസ്ഫർ ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങൾ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് ഡയറക്ടറേറ്റ് തന്നെ ചെയ്തു തരും. മാർച്ച് ഒന്നിന് വിസ കാലാവധി പൂർത്തിയാക്കിയ എല്ലാവർക്കും ഈ വർഷം അവസാനം വരെ ഇവിടെ തുടരുന്നതിനുള്ള അനുമതി ഇതിനുമുമ്പ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വ്യാപകമായി തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ അബൂദാബി മുസഫ ഏരിയയിലെ തൊഴിലാളികൾക്ക് ക്ലിനിക്കുകളിൽ സൗജന്യമായി കോവിഡ് -19 ടെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങളും തയ്യാറായി. 50 വയസ്സിന് മുകളിലുള്ളവർക്കും വൈറസ് ലക്ഷണങ്ങൾ കാണിക്കുന്നവർക്കും മുൻഗണന ലഭിക്കും.