റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ സഹോദരന് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന് (96) അന്തരിച്ചു. ഞായറാഴ്ച രാത്രിയാണ് സൗദി വാര്‍ത്താ ഏജന്‍സി മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. സൗദിയുടെ രാഷ്ട്രീയ മേഖലയില്‍ ഇടപെടാത്ത രാജകുടുംബാംഗമായിരുന്നു ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്.
തിങ്കളാഴ്ച മക്കയിലെ മസ്ജിദുല്‍ ഹറമില്‍ അസര്‍ നമസ്കാരത്തിന് ശേഷം ജനാസ നമസ്കാരം നടക്കും. തുടര്‍ന്ന് മക്കയില്‍ മൃതദേഹം ഖബറടക്കുമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. റിയാദ് ഗവര്‍ണര്‍ ഫൈസര്‍ രാജകുമാരന്റെയും നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുള്ള രാജകുമാരന്റെയും പിതാവാണ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്.