ഫുജൈറ: ഫുജൈറയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ച സംഭവത്തില്‍ അച്ഛനെതിരെ കേസ്. ഫുജൈറ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ തുടങ്ങിയതെന്ന് പ്രമുഖ വാര്‍ത്താ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ പ്രതിയായ അച്ഛന് നേരത്തെ വിവാഹമോചനം നേടിയിരുന്നു. കുട്ടിയുടെ സംരക്ഷണം കോടതി അമ്മയ്ക്കാണ് നല്‍കിയത്. എന്നാല്‍ അച്ഛന് നിശ്ചിത ദിവസങ്ങളില്‍ കുട്ടികളെ സന്ദര്‍ശിക്കാനും ശരീഅഃ കോടതി അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടിയെ കാണാനെത്തിയ പിതാവ് മകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയായിരുന്നു. അതേസമയം ഫോണില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളെ ഫേസ്ബുക്കില്‍ കണ്ടതോടെയാണ് അച്ഛന്റെ നിയന്ത്രണം വിട്ട് മകനെ ശകാരിക്കുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തത്.
എന്നാല്‍ സംഭവത്തില്‍ അമ്മ മകനെ ശകാരിച്ചതിനും ഫോണ്‍ പൊട്ടിച്ചതിനും അച്ഛനെതിരെ ഫുജൈറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം നടപടികള്‍ പൂര്‍ത്തിയാക്കി ഫുജൈറ പ്രോസിക്യൂഷന്, കേസ് കോടതിക്ക് കൈമാറി. കുട്ടിക്ക് ഫോണ്‍ വാങ്ങി കൊടുത്തതും അച്ഛനാണെന്നും അത് തെറ്റായി ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ശകാരിച്ചെന്നുമാണ് പ്രതിഭാഗം അഭിഭാഷകന് വാദിച്ചത്. കേസ് വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു.