ദുബായ്: മലയാളിയെ വീണ്ടും കനിഞ്ഞനുഗ്രഹിച്ച് ദുബായിലെ ഭാഗ്യദേവത. അബുദാബി ബിഗ് ടിക്കറ്റില്‍ ജാക്പോട്ടിലൂടെ ഒരു കോടി ദിര്‍ഹമാണ് (20 കോടിയിലേറെ രൂപ) പത്തനംതിട്ട റാന്നി സ്വദേശി ബ്രിറ്റി മാര്‍ക്കോസിനെ തേടിയെത്തിയത്. ബ്രിറ്റിയ്ക്ക് 208011 എന്ന ടിക്കറ്റ് നമ്പറാണ് ഭാഗ്യം കൊണ്ട് വന്നത്.
ദുബായില്‍ ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രാഫ്റ്റ്സ്മാനാണ് ബ്രിറ്റി മാര്‍ക്കോസ്. പ്രതീക്ഷയോടെ തന്നെയാണ് ഓരോ തവണയും ടിക്കറ്റെടുക്കുന്നത്, എന്നാല്‍ ഇത്ര വലിയൊരു തുക ലഭിക്കുകയെന്നത് അവിശ്വസനീയമായിരുന്നു. സംഘാടകര്‍ സമ്മാനവിവരം അറിയിച്ചപ്പോള്‍ ആദ്യം ഉള്‍ക്കൊള്ളാനായില്ല. അവരോടു നന്ദി പറയാന്‍ വാക്കുകള്‍ ലഭിച്ചില്ലെന്നും ബ്രിറ്റി മാര്‍ക്കോസ് പറഞ്ഞു. വീട്ടുകാരോടും സുഹൃത്തുക്കളോടും സന്തോഷം പങ്കു വച്ചു. സമ്മാനത്തുക എങ്ങിനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചില്ല.
ദുബായിലെത്തുന്ന ബഹുഭൂരിപക്ഷം പേരെയും പോലെ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹം ഉണ്ടെന്നും ബ്രിറ്റി പറഞ്ഞു. ശനിയാഴ്ച്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം നേടിയ പത്ത് പേരില്‍ ഒന്‍പത് പേരും ഇന്ത്യക്കാരാണ്. ഇതില്‍ എട്ട് പേരും മലയാളികളുമാണ്.