ദുബായ്: സമൂഹത്തില്‍ നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് എല്ലാവരെയും ഫിറ്റ്നസ് ചലഞ്ചിലേക്ക് ക്ഷണിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഇത്തവണ 10 ലക്ഷം പേരെയാണു ലക്ഷ്യമിടുന്നത്. ഷെയ്ഖ് ഹംദാന്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയ പദ്ധതിക്ക് ആവേശകരമായ സ്വീകാര്യതയാണു ലഭിച്ചത്.
ഫിറ്റ്നസ് ചാലഞ്ച് 26 മുതല്‍ അടുത്തമാസം 24 വരെ നടക്കും. വിവിധയിടങ്ങളിലായി നടക്കുന്ന ഫിറ്റ്നസ് ചാലഞ്ചില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ നാട്ടുകാരും പങ്കെടുക്കും. യോഗ ഉള്‍പ്പെടെ ഒട്ടേറെ പരിപാടികള്‍ ഉള്‍പ്പെടുത്തി. വാട്ടര്‍ സ്പോര്‍ട്സ്, സൈക്ലിങ്, ഓട്ടം, കായികമേളകള്‍, ഉല്ലാസപരിപാടികള്‍ എന്നിവയുമുണ്ടാകും.
ഇത്തവണ വിവിധയിടങ്ങളില്‍ ഫിറ്റ്നസ് വില്ലേജുകള്‍ ഒരുക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും പങ്കാളികളാകാന്‍ അവസരം നല്കുകയാണു ലക്ഷ്യം. ഇവിടെ പ്രവേശനം സൗജന്യമായിരിക്കും. മൂവായിരത്തിലേറെ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയും പരിപാടിയെ വ്യത്യസ്തമാക്കുന്നു. 7.86 ലക്ഷം പേര് കഴിഞ്ഞവര്‍ഷം ചാലഞ്ചില്‍ പങ്കെടുത്തതായാണു കണക്ക്.