റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ഖഫ്ജിക്ക് സമീപം റഫിയ്യയില് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട് മണലടി സ്വദേശി ശിഹാബുദീന് മരിച്ചു. സാരമായി പരിക്കേറ്റ സഹയാത്രികന് മണ്ണാര്‍ക്കാട് സ്വദേശി നൗഫലിനെ ജുബൈല്‍ ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
റിയാദ് അസീസിയയില്‍ താമസിക്കുന്ന ഇരുവരും കച്ചവട ആവശ്യത്തിനായി പുലര്‍ച്ചെ നാലിനാണ് റിയാദില്‍ നിന്ന് പുറപ്പെട്ടത്. റിയാദിലുള്ള സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ ഇരുവരുടെയും ഫോണ്‍ ഓഫായതിനാല്‍ സംശയം തോന്നിയാണ് അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് മറിഞ്ഞുകിടക്കുന്ന വാഹനം കണ്ടെത്തുകയായിരുന്നു. ശിഹാബുദ്ദീന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തലയ്ക്ക് പരിക്കേറ്റ നൗഫല്‍ അപകടനില തരണം ചെയ്തു.