ദോഹ: ഉദരം ഒട്ടിച്ചേര്‍ന്ന് പിറന്ന സായാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തി. ഒന്നായി പിറന്ന കുഞ്ഞു തമീമിനെയും ഹമദിനെയും രണ്ടാക്കി നല്കിയപ്പോള് അമ്മയുടെയും അച്ഛന്റെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.
സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി ഖത്തറിലെ സിദ്ര മെഡിസിന് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. മന്‍സൂര്‍ അലിക്കു മാത്രമല്ല, അതു കണ്ടുനിന്നവര്‍ക്കെല്ലാം അഭിമാനനിറവില്‍ ഉള്ളം തുടിച്ചു.
മാലി സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം ഖത്തര്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ഭ്രൂണത്തിന് 29 ആഴ്ച വളര്‍ച്ചയെത്തിയിരുന്നു. എച്ച്എംസിയുടെ വിമന്‍സ് വെല്‍നെസ് ആന്‍ഡ് റിസര്‍ച് സെന്ററില്‍ നടത്തിയ സ്കാനിങ്ങിലാണു നെഞ്ചിനു താഴെ വയറും കരളും ഒന്നായൊട്ടിയ നിലയിലാണ് ഇരട്ടകളുടെ കിടപ്പെന്നു മനസിലായത്. ദുര്‍വിധിയില്‍ മനംനൊന്തു വിഷമിച്ച ഇവര്‍ക്ക് ആശ്വാസമേകി എച്ച്എംസിയിലേയും സിദ്രയിലേയും വിദഗ്ദ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ടീം തുടര്പരിചരണമേറ്റെടുത്തു.
ജനിച്ചയുടന്‍ സയാമീസ് ഇരട്ടകളെ സിദ്ര മെഡിസിനിലേക്കു മാറ്റി. കുട്ടികള്‍ക്കു നാലുമാസം വളര്‍ച്ചയെത്തിയ ശേഷമായിരുന്നു ശസ്ത്രക്രിയ. ഒട്ടിച്ചേര്‍ന്ന വയറും കരളുമായി ജനിക്കുന്ന ഒംഫാലോപാഗസ് ഇരട്ടകളില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കു വിജയ സാധ്യത തീരെ കുറവാണ്. രണ്ടായി പകുക്കാവുന്ന കരളും രണ്ട് ദഹനേന്ദ്രിയ വ്യൂഹവും ഉണ്ടെങ്കിലേ ഇവര്‍ ശസ്ത്രക്രിയയെ അതിജീവിക്കൂ. ഭാഗ്യവശാല്‍ പരിശോധനാഫലങ്ങള്‍ അനുകൂലമായിരുന്നു. അതു പീഡിയാട്രിക്സ്, നിയോനേറ്റല്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കും സര്ജന്മാര്ക്കും പ്രത്യാശയേകി.
പിന്നെ നാലുമാസം നീണ്ട നിരന്തര തയാറെടുപ്പുകളിലായിരുന്നു സിദ്രയിലെ മെഡിക്കല്‍ സംഘം. സര്ജന്മാരും പീഡിയാട്രീഷ്യന്മാരും ഉള്‍പ്പെട്ട മെഡിക്കല്‍ ടീമിനു കീഴില്‍ അനസ്തെറ്റിസ്റ്റുകള്‍ മുതല്‍ ശസ്ത്രക്രിയാമുറിയിലും ഐസിയു പരിചരണത്തിലും വിദഗ്ധരായ ഡോക്ടര്‍മാരും നഴ്സുമാരും റെസ്പിറേറ്ററി തെറപ്പിസ്റ്റുകളും ഉള്‍പ്പെട്ട വിവിധ ടീമുകളെ വേറെയും സജ്ജമാക്കി. പിഴവില്ലാത്ത തയാറെടുപ്പുകളില്‍ ശസ്ത്രക്രിയ പൂര്‍ണ വിജയമായതോടെ ഒന്നാംഘട്ടം കടന്നു.
മികച്ച ശസ്ത്രക്രിയാനന്തര പരിചരണമായിരുന്നു രണ്ടാംഘട്ടത്തില്‍. ആധുനിക സാങ്കേതിക വിദ്യകളുടേയും അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളുടേയും സഹായത്തോടെ നിയോനേറ്റല്‍ ഐസിയുവില്‍ 10 ദിവസം നീണ്ട പരിചരണം. അപ്പോഴേക്കും കുട്ടികള്‍ പാല് കുടിച്ചുതുടങ്ങി. അതോടെ ഇരുവരും അപകടഘട്ടം തരണം ചെയ്തുവെന്നു മെഡിക്കല്‍ സംഘത്തിനു ബോധ്യമായി. വേര്‍പെടുത്തപ്പെട്ട കുരുന്നുകള്‍ പാല് കുടിച്ചുതുടങ്ങിയതായും ഇനി സാധാരണജീവിതം സാധ്യമാകുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. രണ്ടു ലക്ഷം കുട്ടികളില്‍ ഒന്ന് എന്നതോതിലാണ് സയാമീസുകളുടെ പിറവി.