റാസല്‍ഖൈമ: ഉറക്കത്തിനിടെ വെപ്പ് പല്ല് അബദ്ധത്തില്‍ വിഴുങ്ങിയ സ്ത്രീയുടെ ജീവന് രക്ഷിച്ചത് തലനാരിഴയ്ക്ക്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് രക്ഷിച്ചത്.
ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തതിനാലാണ് ജീവന് രക്ഷിക്കാനായത്. യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി പല്ല് ഊരിവയ്ക്കാതെ ഉറങ്ങാന്‍ കിടന്ന് 38കാരിയായ ഫിലിപ്പിനോ സ്ത്രീയുടെ ജീവനാണ് രക്ഷിച്ചത്.
രാത്രി ഉറക്കം ഞെട്ടിയപ്പോള്‍ അസ്വസ്ഥതയും ദാഹവും തോന്നി എണീറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിപ്പോയ കാര്യമറിഞ്ഞതെന്ന് സ്ത്രീ പിന്നീട് പറഞ്ഞു.
ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 മിനിറ്റിനുള്ളില്‍ നടത്തിയ എന്‍ഡോസ്കോപി ശസ്ത്രക്രിയയിലൂടെ കൃത്രിമ പല്ല് പുറത്തെടുത്തു.
യുവതിയുടെ അന്നനാളത്തിന്റെ മധ്യഭാഗത്ത് പല്ല് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ. മറിയം അല്‍ ഖത്തരി പറഞ്ഞു.