ഷാര്‍ജ: ജോലിയും ഭക്ഷണവുമില്ലാതെ ഷാര്‍ജയിലെ ദുരിത ജീവിതത്തില്‍ നിന്നും മലയാളി യുവാക്കള്‍ക്ക് മോചനം. പത്തു മാസത്തോളം കൊല്ലം സ്വദേശിയുടെ കമ്പനിയില്‍ ഷാര്‍ജയില്‍ ജോലി ചെയ്ത ആലപ്പുഴ പുന്നപ്ര സ്വദേശി മിഥുന് മാത്യു(33), ആലപ്പുഴ അമ്പലപ്പുഴ കാക്കായം സ്വദേശി മനു മണിയന്(31)എന്നിവര്‍ക്കാണ് പുതു ജീവിതമാരംഭിക്കാന്‍ അവസരമൊരുങ്ങിയത്.
ദുരിതകഥ വാര്‍ത്തയായതോടെ സാമൂഹിക പ്രവര്‍ത്തകര്‍ ഉടമകളുമായി നേരിട്ട് ഇടപെട്ടാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്. രണ്ടുപേരുടെയും ശമ്പളകുടിശ്ശികയും മടക്ക ടിക്കറ്റിനുള്ള പണവും ഏല്പിച്ചു. മറ്റൊരു ജോലി കണ്ടെത്താന്‍ സമയം നല്കി. കൂടാതെ, കമ്പനി ക്യാംപില്‍ നിന്ന് മാറിത്താമസിക്കാന്‍ 400 ദിര്‍ഹം വീതവും നല്‍കിയതായി സാമൂഹിക പ്രവര്ത്തകന് ഷംസുദ്ദീന് പുന്നപ്ര പറഞ്ഞു.
എന്നാല്‍, എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തുകയാണ് ഇനി ലക്ഷ്യം. മറ്റൊരു ജോലി കണ്ടെത്താന്‍ ഒരുമാസമാണ് മുന്നിലുള്ളത്. നാട്ടില്‍ വര്‍ഷങ്ങളായി ഇരുവരും ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അനുയോജ്യമായ എന്തു ജോലിയും ചെയ്യാമെന്ന് മിഥുനും മനുവും പറഞ്ഞു. ഇവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍: +971 55 5246587.
യുഎഇയിലെത്തി പത്ത് മാസം പൊരിവെയിലത്ത് അധ്വാനിച്ചിട്ടും വേതനമോ താമസ സൗകര്യമോ നല്‍കാതെ ഉടമ പീഡിപ്പിക്കുന്നതായും ഭക്ഷണം പോലുമില്ലാതെയാണ് തങ്ങളിപ്പോള്‍ കഴിയുന്നതെന്നും വിശദീകരിച്ചു മിഥുന് സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നാലു പേരും ഒന്നര ലക്ഷം രൂപ വീതം വീസാ ഏജന്റിന് നല്കി യുഎഇയിലെത്തിയത്. ഡ്രൈവര്‍ ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ലേബര്‍ സപ്ലൈ കമ്പനിയിലായിരുന്നു എത്തപ്പെട്ടത്.
പൊരിവെയിലത്ത് റോഡ് നിര്‍മാണത്തിലും കെട്ടിട നിര്‍മാണത്തിനും പറഞ്ഞയച്ചു.
പൊള്ളുന്ന ചൂടു സഹിച്ച് ഏറെ അധ്വാനിച്ചു. പക്ഷേ, ശമ്പളം നല്കാന് കൂട്ടാക്കിയില്ല. രണ്ട് മാസം മുന്‍പ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു. മിഥുനും മനുവും ഷാര്‍ജ വ്യവസായ മേഖലയിലെ തമിഴ്നാട് സ്വദേശികളുടെ മുറിയില്‍ പറ്റിക്കൂടി കഴിയുകയായിരുന്നു. അവര്‍ കഴിച്ച് ബാക്കിയായ ഭക്ഷണമാണ് കഴിച്ചിരുന്നത്. നിരാശനായ മനു രണ്ട് മാസം മുന്‍പ് വിഷം കഴിച്ചു. ഭാഗ്യത്തിന് രക്ഷപ്പെട്ട ഇയാളുടെ പേരില്‍ ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു. പാസ്പോര്‍ട്ട് ഉടമയുടെ കൈയിലായിരുന്നതിനാല്‍ പൊതുമാപ്പില്‍ പോകാനും ഇവര്‍ക്ക് സാധിച്ചിരുന്നില്ല.
നാട്ടിലേയും യുഎഇയിലെയും ഒട്ടേറെ പേര് ഇരുവരെയും ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിരുന്നു. നന്തി നാസറിന്റെ നേതൃത്വത്തില്‍ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേഞ്ച് എ ലൈഫ്, സേവ് എ ലൈഫ് വാട്സ് ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി ഭക്ഷണവിഭവങ്ങളെത്തിച്ചു. മറ്റു വിവിധ സംഘടനകളും സഹായമെത്തിച്ചു.