തിരുവനന്തപുരം: ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് മധ്യസ്ഥതയ്ക്ക് ശ്രമിച്ച് ഇവരുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പോലീസുകാരൻ. കേസിൽ വിതുര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ അനൂപാ(39) ണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലെ തർക്കത്തിൽ പോലീസ് ഇടപെട്ടിരുന്നു. ഇതിനിടെ, കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകി കുട്ടിയുടെ മാതാവുമായി അനൂപ് അടുപ്പത്തിലായി.
ഇതിനിടെ, ഇവരുടെ വീട്ടിൽവെച്ച് പലതവണ കുട്ടിയെ പീഡിപ്പിക്കാൻ പ്രതി ശ്രമിച്ചു. മാതാവ് പ്രതിയുടെ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുകയും ചെയ്തു. കുട്ടിയുടെ മാതാവ് കേസിൽ രണ്ടാം പ്രതിയാണ്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അനൂപിനെ വിതുര പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്.