തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിനോട് ഗാനഗന്ധര്വ്വന് യേശുദാസ് അനാദരവ് കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്തുള്ള അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും തുക വാഗ്ദാനവും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ സംസ്ഥാനം ഏറെ ആദരവോടെ കാണുന്ന ഗായകന് യേശുദാസ് സഹായവുമായി എത്തിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് എംഎല്‍എ ചോദ്യം ഉന്നയിച്ചത്. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ലോകമെമ്പാട് നിന്നും സഹായങ്ങള്‍ എത്തിയെങ്കിലും മലയാളത്തിലെ സാഹിത്യപ്രതിഭകളേയും ആസ്ഥാനഗായകനായ യേശുദാസിനേയും കാണാന്‍ പോലും കിട്ടിയില്ലെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.
യേശുദാസൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായെത്തിയത്. ഡെസ്കില്‍ അടിച്ചാണ് മറ്റു നിയമസഭാ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്തത്.