തിരുവനന്തപുരം: വീണ്ടും തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. ഗണപതി ഹോമത്തോടെയാണ് പൂട്ടിക്കിടന്നിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് വെള്ളിയാഴ്ച രാവിലെ വീണ്ടും തുറന്നത്.
2018-ലാണ് തിരുവനന്തപുരത്തെ പ്ലസ് മാക്സ് കമ്പനി നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് അടച്ചിട്ടത്. യാത്രക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ആറുകോടിയുടെ മദ്യക്കടത്ത് നടത്തിയ സംഭവത്തിൽ സിബിഐ, കേസെടുത്തതോടെയാണ് ഷോപ്പ് പൂട്ടിയത്.
ദുബായ് ആസ്ഥാനമായ അന്താരാഷ്ട്ര ബ്രാൻഡായ ഫ്ളെമിംഗോയും അദാനി ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്നത്. ഡ്യൂട്ടിഫ്രീ ഷോപ്പ് നിലവിലുണ്ടായിരുന്ന അതേ സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിൽ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ ഷോപ്പ് ആരംഭിച്ചത്.