കോഴിക്കോട്: ഭവനരഹിതര്‍ക്ക് ഭൂമി സംഭാവന ചെയ്ത് ദമ്പതികള്‍. കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിന് ദമ്പതികളാണ് ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി സ്വന്തമായി ഇടമില്ലാത്തവര്‍ക്കായി സമ്മാനിച്ചത്. ദമ്പതികളെ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് ഇവര്‍ സംഭാവന ചെയ്തത്. പത്തനംതിട്ട കിടങ്ങാനൂരിലെ ഹനീഫയുടെയും ജാസ്മിന്റെയും വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്മതപത്രം ഏറ്റുവാങ്ങി.
ഈ സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് ഹജ്ജിന് പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ് ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു.
ഓരോ മനുഷ്യനെയും ചേര്‍ത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊര്ജ്ജമാണിവരെന്നും മാനവികതയുടെ മഹാ മാതൃക തീര്‍ത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവര്‍ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.